കാഫിർ പോസ്റ്റ് വിവാദം ; ‘അമ്പാടിമുക്ക് സഖാക്കൾ’എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ പി.ജയരാജന്റെ വിശ്വസ്തൻ

കാഫിർ പോസ്റ്റ് ഷെയർ ചെയ്ത ‘അമ്പാടിമുക്ക് സഖാക്കൾ’എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തൻ. മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് പേജിന്റെ അഡ്മിൻ. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം ജയരാജന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്.പോസ്റ്റ് ഷെയർ ചെയ്തത് മനീഷാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് മനീഷ്.

25.04.2024ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്ക്രീൻഷോട്ട് ലഭിക്കുകയും ഉടൻതന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മനീ‌ഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാൾ പ്രതികരിക്കാൻ തയാറായില്ല. ഇപ്പോൾ സി.പി.എം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. ഇതോടെ കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് മനീഷ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു.

എന്നാൽ റിബേഷി‌ന് പൂർണ പിന്തുണയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം രം​ഗത്തുവന്നിരുന്നു. കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും, ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി.കെ സനോജും പറഞ്ഞു. വിവാദ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാമായി നൽകാമെന്നും ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെതായിരുന്നു പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *