കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് പ്രാഥമിക നി​ഗമനം; നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ്

മലപ്പുറം മൂത്തേടത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനാതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് ആന ചരി‍ഞ്ഞതെന്നാണ് സൂചന. മൂത്തേടം ചീനി കുന്നിലാണ് രാവിലെ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന് ശിവദാസൻ എന്നയാളുടെ പറമ്പിലാണ് ആന കിടന്നിരുന്നത്.

ഏകദ്ദേശം 20 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. ഇലക്ട്രിക് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നും ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കുമെന്നും വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ആന അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം കാരണം ജീവിക്കാനും കൃഷി ചെയ്യാനും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആന ചരിഞ്ഞ സ്ഥലത്ത് വച്ച് ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതും ആളുകള്‍ എതിര്‍ത്തു.

ഉയര്‍ന്ന വനം വകുപ്പുദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ ജഡം വനത്തില്‍ കൊണ്ടുപോയി പോസ്റ്റുമോര്‍ട്ടം ചെയ്യാൻ ധാരണയിലെത്തി. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. അബു എന്നയാള്‍ കൃഷി സംരക്ഷിക്കുന്നതിനായി അനധികൃമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടിയാണ് ആനക്ക് ഷോക്കേറ്റതെന്നും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മരണ കാരണം വ്യക്തമാവുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കേസ് അടക്കമുള്ള നിയമ നപടപടികള്‍ എടുക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *