ധോണിയില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതില്‍ വനം വകുപ്പ് പരാജയമെന്ന് നാട്ടുകാർ. തുടർച്ചയായ അഞ്ചാം ദിവസവും പി.ടി– 7 എന്ന കൊമ്പൻ ഭീതിവിതച്ച് നാട്ടിലിറങ്ങി വിലസുകയാണ്. ആനയെ കാട് കയറ്റാനെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പരാതി അറിയിച്ചു.
പടക്കം പൊട്ടിച്ച് ആനയെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ രാത്രിയിലെ ശ്രമം പൂര്‍ണമായും വിജയിച്ചില്ല. ഓരോ ദിവസവും ആശങ്ക കനക്കുന്ന രീതിയിലാണ് ധോണിയിലും പരിസരത്തും ഒറ്റയാനിറങ്ങി നാശം വിതയ്ക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജീപ്പില്‍ പായുന്നതല്ലാതെ ശാശ്വത പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം. പകലും രാത്രിയിലും കുട്ടികള്‍ ഉള്‍പ്പെടെ ആനയെക്കണ്ട് ഓടിമാറുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം പെരുന്തുരുത്തിക്കളത്തിലെ വീടുകളോട് ചേര്‍ന്ന് ഒന്‍പതിടങ്ങളിലാണ് പി.ടി സെവനെത്തിയത്. ആനയെ മയക്കുവെടിയുതിര്‍ത്ത് പിടികൂടാന്‍ വൈകിയാല്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.