കാട്ടാനയാക്രമണം: യുവതിയും അഞ്ചു വയസ്സുള്ള മകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ബിഎൽറാമിൽ വീണ്ടും കാട്ടാനയാക്രമണം. യുവതിയും 5 വയസ്സുള്ള മകളും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെ ഒന്നിനാണ് ബിഎൽറാം സ്വദേശി ശിവകുമാറിന്റെ വീടിന്റെ ഭിത്തിയും ജനലും അരിക്കൊമ്പനെന്നു വിളിക്കുന്ന ഒറ്റയാൻ തകർത്തത്. ശിവകുമാറിന്റെ ഭാര്യ രാജേശ്വരി, മകൾ കോകില എന്നിവർ മാത്രമാണ് ഇൗ സമയം വീട്ടിലുണ്ടായിരുന്നത്. ഇവർ കിടന്നുറങ്ങിയ മുറിയുടെ ഭിത്തിയാണ് ഒറ്റയാൻ കുത്തിമറിച്ചത്.

ഭിത്തി ഇടിഞ്ഞ് കട്ടിലിലേക്കു വീണതോടെ രാജേശ്വരി മകളെ കട്ടിലിൽ നിന്നു തള്ളിമാറ്റി. ഭയന്നു വിറച്ച കോകില നിലവിളിച്ചുകൊണ്ട് അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെട്ടു. മകളുടെ പിറകെ രാജേശ്വരിയും മുറിയിൽ നിന്ന് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഭിത്തിയുടെ ഭാഗങ്ങൾ വീണ് രാജേശ്വരിക്ക് പരുക്കേറ്റു. ഇവർ കിടന്ന കട്ടിൽ ഒടിഞ്ഞു. സമീപത്തുണ്ടായിരുന്ന ടിവിയും തകർന്നു. 

നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ രാജേശ്വരിയെയും മകളെയും മറ്റൊരു വീട്ടിലേക്കു മാറ്റി. നാട്ടുകാർ സംഘടിച്ചെത്തിയാണ് ഒറ്റയാനെ ഇവിടെ നിന്നു തുരത്തിയത്. പരുക്കേറ്റ രാജേശ്വരി നെടുങ്കണ്ടം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം ഒറ്റയാൻ തകർത്ത കുന്നത്ത് ബെന്നിയുടെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെ ബിഎൽറാം ടൗണിൽ തന്നെയാണ് ഇൗ വീട്. രാജേശ്വരിയുടെ ഭർത്താവ് പെയിന്റിങ് തൊഴിലാളിയായ ശിവകുമാർ ഒരാഴ്ചയിലധികമായി തമിഴ്നാട്ടിൽ ജോലിക്കു പോയതാണ്. 

അതേസമയം, വനം വകുപ്പ് വാച്ചർ ശക്തിവേലിനെ ദാരുണമായി കൊലപ്പെടുത്തിയ പിടിയാനക്കൂട്ടത്തെ ആനയിറങ്കൽ ഈട്ടിത്തടി ഭാഗത്തേക്ക് ഓടിച്ചു. പക്ഷേ, ഈ ആനക്കൂട്ടം തിരിച്ചെത്തുമെന്ന ആശങ്കയിലാണു നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *