കശ്മീർ യാത്ര; മലയാളി സംഘത്തിന് സംഭവിച്ചത് അപ്രതീക്ഷിത ദുരന്തം

ശ്രീനഗറിലെ സോജില ചുരത്തിൽ അപകടത്തിൽ പെട്ട ചിറ്റൂരിൽ നിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ടായിരുന്നു. സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്‌കീയിങ് നടത്തി മടങ്ങുമ്പോൾ ചുരത്തിൽ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേർബാൽ എസ്പി നിഖിൽ ബോർക്കർ പറഞ്ഞു. ഡ്രൈവർ വാഹനത്തിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. വാഹനം പൂർണമായി തകർന്ന നിലയിലായിരുന്നു. നേരത്തേ ഡൽഹിയും ആഗ്രയും സന്ദർശിച്ച സംഘം 10നു തിരിച്ചു വരാനിരിക്കെയാണു ദുരന്തം.

കശ്മീരിലെ സോജില പാസിൽ കാർ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂർ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീർ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. പരുക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗർ-ലേ ഹൈവേയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സുഹൃത്തുക്കളും അയൽക്കാരുമായ, ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്‌നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്‌റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു.

മനോജ് എം.മഹാദേവ് (25), അരുൺ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണൻ (30) എന്നിവർക്കാണു പരുക്ക്. ഗുരുതര പരുക്കേറ്റ മനോജിനെ സൗറയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടു പേരും സോനാമാർഗ് സർക്കാർ ആശുപത്രിയിലാണ്. മരിച്ച രാഹുലിന്റെ സഹോദരനാണു പരുക്കേറ്റ രാജേഷ്.

Leave a Reply

Your email address will not be published. Required fields are marked *