കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് യുവാക്കളുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം. നാലുപേരുടെയും മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്‌കരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ അനിൽ,വിഘ്‌നേഷ്, രാഹുൽ , സുധീഷ് എന്നിവർ കശ്മീരിലെ സോജില പാസ്സിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

ഇന്ന് പൂലർച്ചെ മൂന്ന് മണിക്കാണ് നാല് പേരുടെയും മൃതദേഹങ്ങൾ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ എറ്റുവാങ്ങി. സംഘത്തിലുണ്ടായിരുന്ന ആറ് പേരും വിമാന മാർഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ആംബുലൻസ് മാർഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു. ചിറ്റൂർ ടെക്നിക്കൽ സ്‌കൂളിൽ മൃതദേഹങ്ങൾ രാവിലെ എട്ടുമണിവരെ പൊതുദർശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച മൃതദേഹങ്ങൾ മറ്റുചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.

സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. പോസ്റ്റുമോർട്ടം നടപടികൾ അടക്കം വേഗത്തിലാക്കി മൃതദേഹം വിമാന മാർഗം നാട്ടിൽ എത്തിക്കാനുള്ള നീക്കങ്ങൾ ഏകോപിപ്പിച്ചത് ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനിടെ കശ്മീരിൽ വാഹനപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികൾക്കുള്ള ധനസഹായം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുള്ള മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നും കൃഷ്ണൻകുട്ടി അറിയിച്ചു.

വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാർഗിൽ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയിൽ ഇന്നലെ അപകടത്തിൽ പെട്ടത്. വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാലക്കാട് ചിറ്റൂർ സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഗ്‌നേഷ് എന്നിവർക്ക് പുറമെ ശ്രീനഗർ സ്വദേശിയായ ഡ്രൈവർ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരുക്ക്. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *