കശ്മീരിലെ കുൽഗാമിലുമുണ്ട് ‘ഒക്കച്ചങ്ങായിമാർ’; തരിഗാമി തോൽപ്പിച്ചത് അവിശുദ്ധ കൂട്ടുകെട്ടിനെയെന്ന് റിയാസ്

കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളുടെ മുഖ്യ-പൊതുശത്രു ഇടതുപക്ഷവും സി.പി.എമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കുൽഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് മന്ത്രി പറഞ്ഞു. മുഹമ്മദ് യൂസഫ് തരിഗാമിയെ ജയിക്കാനനുവദിച്ചുകൂടാ എന്ന ഇക്കൂട്ടരുടെ വല്ലാത്ത ആഗ്രഹം അതാണ് വ്യക്തമാക്കുന്നതെന്നും റിയാസ് പറഞ്ഞു.

‘ജമാഅത്തെ ഇസ്ലാമിയും ബി.ജെ.പിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് അദ്ദേഹം തോല്പിച്ചത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവർഗ്ഗീയ ആശയങ്ങളെ രാഷ്ട്രീയമായി നേരിടുന്ന ഇടതുപക്ഷം തകരണമെന്ന് ഇത്തരം ശക്തികൾ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കുൽഗാമിലെ ഇവരുടെ നീക്കം. രാഷ്ട്രീയ വെല്ലുവിളികളെ നേരിട്ട് ഉജ്ജ്വല വിജയം നേടിയ സഖാവ് തരിഗാമിക്കും കുൽഗാമിലെ പ്രബുദ്ധരായ വോട്ടർമാർക്കും അഭിവാദ്യങ്ങളെന്നും കാശ്മീരിലെ കുൽഗാമിലുമുണ്ട് ‘ഒക്കച്ചങ്ങായിമാർ’ എന്ന തലക്കെട്ടിൽ അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *