കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് 2017 ഓഗസ്റ്റിൽ മരിച്ചയാളുടെ പേരിൽ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണു നോട്ടിസ് എത്തിയത്. 87-ാം വയസ്സിലാണ് ഇദ്ദേഹം മരിച്ചത്.
സുകുമാരൻ നായർ കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യം അടക്കമാണു നോട്ടിസെത്തിയത്. വാഹന നമ്പറും നോട്ടിസിലുണ്ട്. ഒരു സൈക്കിൾ മാത്രമാണു സുകുമാരൻ നായർക്ക് ഉണ്ടായിരുന്നതെന്നു മകൻ ശശികുമാർ പറഞ്ഞു. ഒരു വാഹനവും ഓടിക്കാനും അറിയില്ലായിരുന്നു. നോട്ടിസ് എത്തിയതിനെ തുടർന്നു വൈക്കം ആർടി ഓഫിസുമായി ബന്ധപ്പെട്ടു. തൊടുപുഴ മോട്ടർ വാഹന വകുപ്പിനെ സമീപിക്കണമെന്ന നിർദേശത്തെ തുടർന്ന് പരാതി ഇമെയിൽ ചെയ്‌തെന്നും മകൻ അറിയിച്ചു