കള്ള് ഷാപ്പിലെ തര്‍ക്കം, കോണ്‍ക്രീറ്റ് കട്ടയ്ക്ക് ഏറുകിട്ടിയ യുവാവ് മരിച്ചു; പ്രതി പിടിയില്‍

കോട്ടയം പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്.

ഈ മാസം പതിനെട്ടിന് ഇടമറ്റം ചീങ്കല്ലേൽ ഷാപ്പിനു സമീപത്തു വച്ച് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് അനീഷ് നാട്ടുകാരനായ സുരേഷിനെ കോണ്‍ക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞിട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുരേഷ് മരിച്ചു. ഇതിനു പിന്നാലെയാണ് അനീഷ് ഒളിവില്‍ പോയത്. സുരേഷ് മരിച്ചതോടെ അനീഷിനെതിരെ പൊലീസ് മനപൂര്‍വമുളള നരഹത്യയ്ക്ക് കേസും ചുമത്തി.

അനീഷ് ഒളിവില്‍ പോയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് പ്രതിയ്ക്കായി അന്വേഷണം നടത്തിയത്. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അനീഷിനെ അറസ്റ്റ് ചെയ്യുന്നത്. പാലാ ഡിവൈഎസ്പി എ.ജെ.തോമസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വാളയാറിൽ നിയമം ലംഘിച്ച് 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ് മാൻ കൃഷ്ണ കുമാറിനെതിരെയും കേസെടുത്തു. വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവർക്കെതിരെയാണ് കേസ്. കള്ളു കുടിക്കാനെത്തിയ 2 വിദ്യാർത്ഥികൾക്കെതിരെയും കേസുണ്ട്. കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ, അഗതിയൻ എന്നിവരാണ് കള്ളുഷാപ്പിലെത്തിയത്.

മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാൽ മതിയെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതിനെതിരായ വിമര്‍ശനങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് പഴങ്ങൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ഏറെ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *