കള്ളക്കേസെടുത്താൽ രാജിവയ്ക്കാനുള്ളതല്ല കെപിസിസി പ്രസിഡന്റ് സ്ഥാനമെന്ന് കെ.സി വേണുഗോപാൽ

ആരെങ്കിലും കള്ളക്കേസെടുത്താൽ രാജിവയ്ക്കാനുള്ളതല്ല കെപിസിസി പ്രസിഡന്റ് സ്ഥാനമെന്ന് കോൺഗ്ര് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വ്യാജ പുരാവസ്തു കേസിൽ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനും തയാറാണെന്ന് സുധാകരൻ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു വേണുഗോപാൽ. 

കെ.സുധാകരനെതിരെ സിപിഎമ്മും പിണറായി സർക്കാരും നടത്തുന്ന വേട്ടയ്ക്ക് കോൺഗ്രസിനെയും സുധാകരനെയും കിട്ടില്ല. സുധാകരനുവേണ്ടിയുള്ള പോരാട്ടം സർക്കാരിനെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടമാണ്. കോൺഗ്രസ് ഈ പോരാട്ടവുമായി ശക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

കെ.സുധാകരന് എതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ആ ഘട്ടത്തിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെല്ലാം വല്ലാതെ കഷ്ടപ്പെടും. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പാർട്ടി ഒറ്റക്കെട്ടായി നീങ്ങുമെന്നും അദ്ദേഹം ഇന്ദിരാഭവനിൽ പറഞ്ഞു. 

കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞിരുന്നു. കെ.സുധാകരനെ മാറ്റിനിര്‍ത്തുന്നത് പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. സുധാകരന്‍ മാറാന്‍ തയാറായാല്‍പോലും സമ്മതിക്കില്ല. സുധാകരനെ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍നിന്ന് കുത്തില്ലെന്നും വി.ഡി.സതീശന്‍ പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *