കലൂർ സ്റ്റേഡിയത്തിലെ അപകടം; തട്ടിക്കൂട്ട് സ്റ്റേഡിയം ഒരുക്കിയത് പരിപാടിയുടെ തലേന്ന് രാത്രി: കൂടുതൽ വിവരങ്ങൾ പുറത്ത്

കലൂർ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് പരിപാടിയിൽ വരുത്തിയ സുരക്ഷാ വീഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പരിപാടി നടക്കുന്നതിന്റെ തലേന്ന് രാത്രിയാണ് തട്ടിക്കൂട്ട് സ്റ്റേഡിയം നിർമിച്ചത്. പരിപാടിക്ക് അനുമതി തേടി സംഘാടകർ തലേ ദിവസമാണ് കൊച്ചി കോർപറേഷനെ സമീപിച്ചത്.

ഹെൽത്ത് ഓഫീസർ പരിപാടിയുടെ തലേന്ന് സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. പരിശോധന നടക്കുന്ന വേളയിൽ ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചിരുന്നില്ല. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഒരു കാരവാനും ആംബുലൻസും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എട്ട് കൗണ്ടറുകൾ വഴിയാണ് 12,000 നർത്തകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറോളം കാത്തിരുന്നാണ് കുട്ടികൾ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. സംഘാടകത്തിലെ പിഴവ് തങ്ങളെ ഭയപ്പെടുത്തിയിരുന്നെന്ന് പരിപാടിയിൽ പങ്കെടുത്ത ഒരു കുട്ടിയുടെ അമ്മ പ്രതികരിച്ചു. പല കുട്ടികൾക്കും തലചുറ്റലുണ്ടായെന്നും അവർ വ്യക്തമാക്കി.

മെഗാനൃത്തം സംഘടിപ്പിച്ച മൃദംഗ വിഷന്റെ മാനേജിംഗ് ഡയറക്ടർ എം. നിഘോഷ് കുമാറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേസിലെ ഒന്നാം പ്രതിയായ നിഘോഷ് കുമാർ ഇന്നല ഉച്ചയ്ക്ക് രണ്ടിന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നാം പ്രതിയും ഓസ്‌കാർ ഇവന്റ്‌സ് ഉടമയുമായ തൃശൂർ സ്വദേശി പി.എസ്. ജനീഷ് ഇതുവരെ ഹാജരായിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

മൃദംഗ വിഷന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി അമേരിക്കയിലേക്ക് മടങ്ങിയ പരിപാടിയുടെ അംബാസഡർ നടി ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, കേസിൽ അറസ്റ്റിലായ നിഘോഷ്‌ കുമാർ, മൃദംഗ വിഷൻ സി ഇ ഒ ഷെമീർ അബ്ദുൾ റഹിം, വേദി ക്രമീകരിച്ച ഓസ്‌കാർ ഇവന്റ്‌സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *