ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെയും ഭാര്യ കമലയുടെയും വിവാഹ വാർഷികമാണ്. പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ വാർഷിക ദിനവും കടന്നുപോകുന്നുപോയത്. ഇരുവരും ഒരുമിച്ച് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലോ ചടങ്ങുകളിലോ പ്രത്യക്ഷപ്പെട്ടതുമില്ല. എന്നാൽ ഇന്നലെ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു ചടങ്ങിലെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് മുഖ്യമന്ത്രിയും പത്‌നിയും പങ്കെടുത്തത്. ഈ ചടങ്ങിനിടെ ഒരു വ്യക്തിയെ മുഖ്യമന്ത്രി സല്യൂട്ട് നൽകി സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോൾ വലിയ കൗതുകമായി മാറുന്നത്.
ആരെയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി സല്യൂട്ട് ചെയ്യുന്നത് ? സല്യൂട്ട് ഏറ്റുവാങ്ങുന്ന ആളിനെ ഒരു പക്ഷേ മലയാളികൾക്ക് പരിചയമുണ്ടാവില്ല. കരീമിക്ക എന്ന് എല്ലാവരും വിളിക്കുന്ന കരീം എന്ന സാധാരണ മനുഷ്യനെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി സല്യൂട്ട് ചെയ്തത്.
സെക്രട്ടേറിയറ്റിലെ തിരക്കേറിയ കന്റോൺമെന്റ് ഗേറ്റിന് മുന്നിലെ ട്രാഫിക് നിയന്ത്രിക്കുന്നയാളാണ് കക്ഷി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ സ്ഥിരം സഞ്ചരിക്കുന്ന വഴിയാണിത്. ഇവിടെയാണ് കരീമിൻറെ ട്രാഫിക് നിയന്ത്രണം. ഇതിനാരെങ്കിലും ചുമതലപ്പെടുത്തിയതല്ല.
പ്രതിഫലം വാങ്ങാതെ സ്വയം ചെയ്യുന്നതാണ്. കെ കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത് അദ്ദേഹത്തോടുള്ള ആരാധനയാണ് കരീമിനെ സെക്രട്ടേറിയറ്റിന് സമീപത്തെ സ്ഥിരം സാന്നിധ്യമാക്കിയത്. പിന്നീട് സർക്കാരുകൾ പലത് മാറി.. പല മുഖ്യമന്ത്രിമാർ വന്നു. അപ്പോഴും കരീം തൻറെ നിസ്വാർത്ഥ സേവനം തുടർന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെ കടന്നുപോകുമ്പോൾ അഭിവാദ്യം ചെയ്യാനും കരീം മറക്കാറില്ല. ഇത് പതിവായി ശ്രദ്ധിക്കാറുള്ള മുഖ്യമന്ത്രി ഇന്നലെ ചടങ്ങിനിടെ കരീമിനെ ആദരിക്കാൻ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ സല്യൂട്ട് ചെയ്യുകയായിരുന്നു. ഇത് ചടങ്ങ് വീക്ഷിച്ച എല്ലാവർക്കും കൗതുകമായി. ഈ അപൂർവ്വ നിമിഷത്തിൻറെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.