മേയറുടെ വിവാദ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. സംഭവത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനൻ്റെ ശുപാർശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും കൂടുതൽ ജീവനക്കാരിൽ നിന്ന് മൊഴിയുമെടുക്കും.
തൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസിൽ നിര്‍ണായക തെളിവായ കത്തിൻ്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ. അതേസമയം കത്തുമായി ബന്ധപ്പെട്ട് കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിലിൽ നിന്ന് ടെലിഫോണിലൂടെ ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചു.
വിജിലൻസിന് മുന്നിൽ നേരിട്ട് ഹാജരായി വിവരങ്ങൾ നൽകുന്ന സിപിഎം നേതാക്കൾ പക്ഷെ ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴിനൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. മേയറുടെ പരാതിയിൽ വ്യാജരേഖ കേസ് നിലനിൽക്കുന്പോൾ, കത്തിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള വിജിലൻസ് കേസ് തള്ളിപ്പോകുമെന്നതാണ് കരുതലോടെയുള്ള പാർട്ടി നീക്കത്തിന് പിന്നിലെന്നാണ് സൂചന.