കണ്ണൂർ എഡിഎമ്മിന്റെ മരണം; പി.പി ദിവ്യക്കെതിരെ കോൺ​ഗ്രസ്- ബിജെപി പ്രതിഷേധം

കണ്ണൂർ എ‍ഡിഎം നവീൻ ബാബുവിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പരിയാരം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റുമോർട്ടം നടക്കുക. ഇതിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തി.

പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. കൂടുതൽ പ്രതിഷേധപരിപാടികൾ ഉണ്ടായേക്കാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

യുവമോർച്ചയുടെ പ്രതിഷേധമാണ് ആദ്യമുണ്ടായത്. ബാരിക്കേടുകൾ മറികടന്ന യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയത് നീക്കി. തുടർന്നാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ അരങ്ങേറിയത്.

ഇന്ന് രാവിലെയാണ് എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിയാണ് നവീൻ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് തിരിക്കുമെന്നായിരുന്നു സഹപ്രവർത്തകരോട് അദ്ദേഹം പറ‍ഞ്ഞിരുന്നത്. നേരത്തെ കാസർകോട് എഡിഎം ആയിരുന്ന ഇദ്ദേഹം മാസങ്ങൾക്ക് മുൻപാണ് കണ്ണൂരെത്തിയത്.

നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിയിരിക്കെയാണ് മരണം. ആരോപണമുയർന്നതോടെ വൻ മാനസിക സംഘർഷിത്തിലായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *