കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകവുമായി സിപിഎം; ഉദ്ഘാടനം എംവി ഗോവിന്ദൻ

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിപിഎം സ്മാരകം പണിതത്. 2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്.

മേയ് 22ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. സഖാക്കളാ ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ഒരു കുന്നിൻമുകളിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് നിർമാണം നടന്നത്. ഇതിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. നാലുപേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നുമാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്. എന്നാൽ ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പാർട്ടിയുടെ ഭൂമിയിലായിരുന്നു മൃതദേഹങ്ങൾ സംസ്‌കരിച്ചതും. 2016 ഫെബ്രുവരിയിലാണ് സ്മാരകം പണിയാനുള്ള പണം ജനങ്ങളിൽ നിന്ന് സമാഹരിച്ചുതുടങ്ങിയത്. എല്ലാവർഷവും ജൂൺ ആറിന് ഇരുവരുടെയും രക്തസാക്ഷി ദിനമായി ആചരിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *