കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  കണ്ണൂർ പഴയങ്ങാടി പിഎഫ്ഐ ഏരിയാ പ്രസിഡന്റ് മുഹമ്മദ് അബ്ദുള്ളയെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്ത്. ഇന്ന് പുലർച്ചെ നാല് മണിയോടെ കോട്ടക്കലിൽ നിന്നുമാണ് പയ്യന്നൂർ എസ്.ഐ വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.

 പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ ദേശീയ അന്വേഷണ ഏജൻസിയും നേരത്തെ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുൽഫിയുടെ വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടാണ് അവസാനിച്ചത്. ഇന്നലെ പുലർച്ചെ മുതൽ സംസ്ഥാനത്ത് പിഎഫ്ഐയുമായി ബന്ധപ്പെട്ട 56 കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയ്ത. 

പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദില്ലിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും ഇന്ന് നടന്ന റെയ്ഡിൽ ഭാഗമായി. കേരള പൊലീസും റെയ്ഡിന് സുരക്ഷയൊരുക്കി. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഉണ്ടായിരുന്നില്ല.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ്. സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സുരക്ഷയിലായിരുന്നു. കേരള പൊലീസിനെ റെയ്ഡിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *