കണ്ണൂരിലെ ആക്രിക്കടയിൽ സ്ഫോടനം; രണ്ട് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്

കണ്ണൂർ പാട്യത്ത് ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അസം സ്വദേശി ഷഹീദ് അലിക്കും മക്കൾക്കുമാണ് പരിക്കേറ്റത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.

രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പാട്യം മൂഴിവയലിൽ പഴയ വീട് വാടകയ്ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ഇരുപതോളം പേർ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങൾ വീടിനോട് ചേർന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറി. അസം സ്വദേശിയായ നാൽപ്പത്തഞ്ചുകാരൻ ഷഹീദ് അലിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. അടുത്തുണ്ടായിരുന്ന പത്തും എട്ടും വയസ്സുളള കുട്ടികൾക്കും പരിക്കേറ്റു. വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവർ ഓടിയെത്തിയത്.

പരിക്കേറ്റവരെ ആദ്യം കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചു. ഷഹീദ് അലിയുടെ പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.പാത്രത്തിൽ ഒളിപ്പിച്ച സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. തലശ്ശേരി എസിപി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *