‘കണ്ടാല്‍പോലും ലോഹ്യമില്ല; അതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ’: സുധാകരന്‍

താഴെത്തട്ടില്‍ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലല്ലെന്നും കോണ്‍ഗ്രസില്‍ കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. താഴെത്തട്ടില്‍ നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധമില്ലെന്നും എല്ലാം ഒരു അഭിനയവും തട്ടിപ്പുമാണെന്നും സുധാകരന്‍ പറഞ്ഞു. എറണാകളും ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് സുധാകരന്റെ വിമര്‍ശനം.

‘വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ദിവസങ്ങള്‍ ഇനി പരിമിതമാണ്. എല്ലാം അവസാനം മതിയെന്ന് കരുതുന്ന സ്വഭാവമാണ് നമ്മുടേത്. തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്ന് നിങ്ങളെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ അവസാനം തിക്കിതിരക്കി ചേര്‍ക്കുന്നവരുടെ പേര് അവര്‍ തന്ത്രപൂര്‍വ്വം ഒഴിവാക്കാനുള്ള സാധ്യതകയുണ്ട്.

അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ വോട്ടര്‍പട്ടിക പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കണം. ഇത് സാധിക്കണമെങ്കില്‍ ബൂത്ത് കമ്മിറ്റി പൂര്‍ത്തിയാകണം. ബൂത്ത് കമ്മിറ്റി പൂര്‍ത്തിയാകണമെങ്കില്‍ മണ്ഡലം കമ്മിറ്റി പൂര്‍ത്തിയാകണം. എന്നാല്‍, മണ്ഡലം കമ്മിറ്റി ഇനിയും പൂര്‍ത്തിയാകാത്ത ജില്ലകളുണ്ട്. ആ കമ്മിറ്റി വന്നാലേ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ ബൂത്ത് കമ്മിറ്റിക്ക് സാധിക്കൂ. ഇതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കണം’, സുധാകരന്‍ പറഞ്ഞു.

‘ബൂത്ത് ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല. താഴെത്തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുന്നവരും ബന്ധപ്പെടുന്നവരും ബൂത്ത് കമ്മിറ്റി നേതാക്കന്‍മാരാണ്. ആ ബൂത്ത് കമ്മിറ്റിക്ക് കീഴില്‍ 15-25 വീടുകള്‍ അടങ്ങുന്ന ഒരു കൂട്ടായ്മയായ സി.യു.സി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. 33000 സിയുസി കമ്മിറ്റികള്‍ ഇന്ന് കേരളത്തിലുണ്ട്. എന്നാല്‍, ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അത് നിന്നുപോയി. പക്ഷേ ഇപ്പോള്‍ അത് പൂര്‍ത്തിയാക്കണം. സി.യു.സിയുടെ പ്രധാന്യം ഓരോ പ്രവര്‍ത്തകനും ഉള്‍ക്കൊള്ളണമെന്ന് വിനയത്തോടെ അപേക്ഷിക്കുന്നു.

താഴെത്തട്ടില്‍ നമ്മുടെ പാര്‍ട്ടിക്കാരൊന്നും വലിയ സൗഹൃദത്തിലൊന്നുമല്ല. പലപ്പോഴും കണ്ടാല്‍പോലും ലോഹ്യം പറയാത്ത പ്രവര്‍ത്തകരുണ്ടെന്ന് നിങ്ങള്‍ക്കറിയാം. നേതാക്കന്‍മാരും അനുയായികളും തമ്മില്‍ അത്ര നല്ല ബന്ധത്തിലൊന്നുമല്ല താഴെത്തട്ടില്‍പോകുന്നത്. എല്ലാം ഒരു അഭിനയം, എല്ലാം ഒരു തട്ടിപ്പ്. അതാണ് നമ്മുടെ സാഹചര്യം. പരസ്പരം സ്‌നേഹിക്കാന്‍ പഠിച്ചിട്ടില്ല. പരസ്പരം സ്‌നേഹമില്ല. ആ സ്‌നേഹത്തിന്റെ നൂലിഴകള്‍ കുട്ടിച്ചേര്‍ക്കാനുള്ള ഘടകമാണ് സിയുസി.

25 വീടുകളിലെ അംഗങ്ങള്‍ കുടുംബസംഗമം പോലെ ഒരുമിച്ച് മാസത്തില്‍ ഒരു യോഗം ചേരണം. കുട്ടികളടക്കം അതിലുണ്ടാകും. ബാഡ്ജും തൊപ്പിയും വെച്ച് യോഗത്തില്‍ വന്നിരിക്കുന്ന കൊച്ചുമക്കള്‍ക്ക്‌ പ്രസംഗവും പാട്ടും മറ്റും ആസ്വദിച്ച് കോണ്‍ഗ്രസിന്റെ സംസ്‌കാരം ചെറിയ പ്രായത്തില്‍ തന്നെ അവരുടെ മനസ്സിലേക്ക് പതിപ്പിക്കാന്‍ സാധിക്കുന്ന വേദിയാണത്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്ന് പിന്നെ ഒരു കുട്ടിയും പാര്‍ട്ടിവിട്ട് പുറത്തുപോകില്ല.

എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് ഐക്യത്തിന്റെ, സ്‌നേഹത്തിന്റെ വഴിത്താരയില്‍ സഞ്ചരിക്കുന്നത് ഈ നാട് കാണണം. അത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ ആദ്യം മനസ്സ് നന്നാക്കേണ്ടത് നേതൃത്വമാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ കണ്‍വെന്‍ഷന്‍’, സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *