കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: ചോദ്യംചെയ്യലിനിടെ മുൻ പ്രസിഡന്റ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി. ചോദ്യം ചെയ്യലിനിടയില്‍ മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്നലെ രാത്രിയോടെയാണ് മാറനല്ലൂരിലെ വീട്ടില്‍ നാടകീയ സംഭവവികാസങ്ങള്‍ നടക്കുന്നത്. ഭാസുരാംഗനെ 20 മണിക്കൂറുകളായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണി മുതല്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ ചോദ്യം ചെയ്തു. ഇപ്പോള്‍ താമസിക്കുന്ന പൂജപ്പുരയിലെ വീട്, കണ്ടല സര്‍വീസ് സഹകരണ ബാങ്ക്, മുൻ സെക്രട്ടറിമാരുടെ വീടുകള്‍, കളക്ഷൻ ഏജന്റുമാരുടെ വീടുകള്‍, എന്നിങ്ങനെ പലയിടങ്ങളിലായി സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. 9 മണിയോടെയാണ് പൂട്ടിക്കിടക്കുന്ന മാറനല്ലൂരിലെ വീട്ടിലെത്തിക്കുന്നത്. രേഖകള്‍ സംബന്ധിച്ച്‌ നടന്ന ചോദ്യം ചെയ്യല്‍ മൂന്നുമണി വരെയും തുടര്‍ന്നതോടെയാണ് ദേഹാസ്വാസ്ഥ്യം സംഭവിക്കുന്നത്. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്.

ബാങ്ക് മുൻ പ്രസിഡന്റും ഭാരവാഹികളും ഉദ്യോഗസ്ഥരും സാമ്ബത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്ത് സമ്ബാദിച്ചിട്ടുണ്ടെന്നാണ് ഇ.ഡി. അധികൃതര്‍ക്കു ലഭിച്ച പരാതി. നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ രണ്ടാം വാരം സഹകരണ വകുപ്പ് രജിസ്ട്രാറില്‍നിന്ന് ഇ.ഡി. സംഘം റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ അന്വേഷണ റിപ്പോര്‍ട്ട്, രജിസ്ട്രാര്‍ ഇ.ഡി.ക്കു കൈമാറി. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പരിശോധനകള്‍.

പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് അവസാനം ഭരണസമിതി രാജിവെച്ചു. തുടര്‍ന്ന് ബാങ്ക് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിൻ കീഴിലാണ്. കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വര്‍ഷങ്ങളായി തുടരുന്ന കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്‍ 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായതായാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *