വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി കൊല്ലപ്പട്ടെ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് സന്നാഹം ഒരുക്കിയ വഴിയിലൂടെയാണ് ഒടുവിൽ മന്ത്രി രാധയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ച മന്ത്രി രാധയുടെ മകന് താത്കാലിക ജോലി നൽകി കൊണ്ടുള്ള ഉത്തരവ് കൈമാറുകയും ചെയ്തു.
ജനങ്ങളുടെ രോഷപ്രകടനത്തെയും പ്രതിഷേധത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി. ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കണം. ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 29 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദൗത്യ സംഘാംഗം ജയസൂര്യയെയും മന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.