കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് കാനം രാജേന്ദ്രൻ്റെ വലത് കാൽപാദം മുറിച്ച് മാറ്റി; അവധി അപേക്ഷ ചർച്ച ചെയ്യാൻ സിപിഐ

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധി അപേക്ഷ 30 ന് ചേരുന്ന എക്സിക്യൂട്ടീവിൽ വിശദമായി ചര്‍ച്ചചെയ്യും. മൂന്ന് മാസം ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാൽപാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനത്തിന്‍റെ നിലപാട്. അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നൽകുന്നതിൽ അടക്കം തീരുമാനങ്ങൾ മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകും.

തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ കാനം രാജേന്ദ്രൻ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്. കൃത്രിമ കാൽ ഘടിപ്പിക്കുന്നത് അടക്കം ചികിത്സകൾക്ക് മൂന്ന് മാസമെങ്കിലും വേണ്ടിവരും. കാനത്തിന്‍റെ നിലപാട് കണക്കിലെടുത്ത് മാത്രമായിരിക്കും സിപിഐ നേതൃത്വത്തിന്‍റെ തുടര്‍ തീരുമാനങ്ങൾ. 

Leave a Reply

Your email address will not be published. Required fields are marked *