കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും മരിച്ചു

സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി (62)യുടെയും ജെസി (56)യുടെയും മകള്‍ സില്‍ന (20) ആണ് മരിച്ചത്. കഴിഞ്ഞ 31-ന് ജെസിയും ഒന്നിന് ആന്റണിയും മരിച്ചിരുന്നു.

കഴിഞ്ഞ 30-ന് ആണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ സില്‍ന അബോധാവസ്ഥയില്‍ തുടരുകയായിരുന്നു.

കുടുംബത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. തൊടുപുഴ നഗരത്തില്‍ ബേക്കറി നടത്തുകയായിരുന്നു ജെസി. ആന്റണി കൂലിപ്പണിക്കാരനായിരുന്നു. പലരില്‍നിന്നായി ഇയാള്‍ കടം വാങ്ങിയിരുന്നു. വീടിന്റെ വാടകയും കുടിശ്ശികയുണ്ട്.

പണം ലഭിക്കാനുള്ളവര്‍ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലിലായിരുന്നു താമസം. 12 വര്‍ഷം മുമ്പാണ് തൊടുപുഴയിലേക്ക് വന്നത്. സില്‍ന അല്‍ അസ്ഹര്‍ കോളേജിലെ അവസാനവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിനിയാണ്. ആന്റണിയുടെ മൂത്തമകന്‍ സിബിന്‍ മംഗലാപുരത്ത് ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *