കഞ്ചാവ് കേസ്: സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ നിന്നും വേടൻ പുറത്ത്

റാപ്പർ വേടന്റെ എറണാകുളത്തെ ഫ്‌ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.

സംസ്ഥാന സർക്കാരിന്റെ ഇടുക്കിയിലെ നാലാം വാർഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയത്. റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

വേടന്റെ ഫ്‌ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം വേടൻ ഫ്‌ലാറ്റിലെത്തിയത്. ഒമ്പതുപേരാണ് മുറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നാണ് പൊലീസ് വേടന്റെ ഫ്‌ലാറ്റിൽ പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പർ വേടൻ ലഹരിക്കെതിരെ നിരന്തരം തന്റെ പരിപാടികളിലൂടെ ശബ്ദം ഉയർത്തിയിരുന്നയാളാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ വിയർപ്പ് തുന്നിയിട്ട കുപ്പായ എന്ന ഗാനത്തിന്റെ വരികൾ വേടന്റേതാണ്.

Leave a Reply

Your email address will not be published. Required fields are marked *