ഓൺലൈൻ റമ്മിയിൽ രണ്ടുകോടി; അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിയെന്ന് പരിഹാസത്തോടെ ധന്യയുടെ മറുപടി

തൃശൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിച്ച് മുങ്ങിയ അസി. മാനേജർ ധന്യ മോഹനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ നാല് വർഷത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചേക്കും. യുവതിക്ക് എം.ജി ഹെക്ടർ, സ്വിഫ്ട് ഡിസയർ, എക്‌സ്.യു.വി 500 എന്നീ കാറുകളും ഓട്ടോറിക്ഷയും ആഡംബര ബൈക്കുമുണ്ട്. വിദേശത്തായിരുന്നു നേരത്തേ ധന്യയുടെ ഭർത്താവ് ബസന്ത്. ഇയാളുടെ എൻ ആർ ഐ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി സംശയിക്കുന്നുണ്ട്. കാർ പാർക്കിംഗിന് മാത്രം പ്രത്യേകം ഭൂമി വാങ്ങിയിരുന്നു.

അച്ഛൻ മോഹന് നേരത്തെ പാത്രം വാടകയ്ക്ക് കൊടുക്കലായിരുന്നു ജോലി. ഇപ്പോൾ നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് കൊടുക്കുന്നുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വലപ്പാട്ടും വീട് വാങ്ങി. വീട്ടിൽ നടത്തിയ പരിശോധനയിൽ കാർ, മോട്ടോർ സൈക്കിൾ, ലാപ്പ് ടോപ്പ്, എ.ടി.എം കാർഡുകൾ, കമ്പ്യൂട്ടർ എന്നിവ പിടിച്ചെടുത്തു. യുവതിയുടെ ബന്ധുക്കളുടെ പേരിലുള്ള സ്വത്തുക്കളും മരവിപ്പിച്ചേക്കും.

18 വർഷമായി സ്ഥാപനത്തിലെ ഐ.ടി വിഭാഗത്തിൽ ജോലിചെയ്തു വരികയായിരുന്ന കൊല്ലം തിരുമുല്ലാവാരം നെല്ലിമുക്ക് നന്മ വിഹാറിൽ ധന്യ മോഹൻ. 2020 മേയ് മുതലാണ് യുവതി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. ഓഫീസിൽ പരിശോധന നടക്കുന്നതിനിടെ പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ച രക്ഷപ്പെടുകയായിരുന്നു. ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമാണ് മുങ്ങിയത്. ഇവർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തുടർന്ന് ഇന്നലെ വൈകിട്ട് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങി. ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം തൃശൂർ വലപ്പാട് പൊലീസ് ധന്യയെ കസ്റ്റഡിയിൽ വാങ്ങി. അഭിഭാഷകനൊപ്പം ഇന്നലെ വൈകിട്ട് സ്റ്റേഷനിലെത്തിയ ധന്യ, തട്ടിപ്പു കേസിലെ പ്രതിയാണെന്ന് സ്വയം പരിചയപ്പെടുത്തി. പതിനഞ്ച് മിനിറ്റിനുള്ളിൽ വലപ്പാട് പൊലീസ് എത്തി. തൃശൂരിൽ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് ദിവസമായി കൊല്ലം സിറ്റി പൊലീസ് ധന്യയുടെ ബന്ധുവീടുകളിലടക്കം തെരച്ചിൽ നടത്തിവരികയായിരുന്നു.

ഇതിനിടെ, കുറ്റം ചെയ്തിട്ടുണ്ടോയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ബാഗ് മുഴുവൻ പണമാണെന്നും നിങ്ങൾ വന്ന് എടുത്തോളൂവെന്നും പറഞ്ഞു. കൂടാതെ അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിയിട്ടുണ്ടെന്നും പരിഹസിച്ചു.

തട്ടിച്ചെടുത്ത കോടികൾ ഓൺലൈൻ റമ്മികളിക്കും ആഡംബര ജീവിതത്തിനും ഉപയോഗിച്ചെന്നാണ് വിവരം. രണ്ടു കോടിയിലേറെ രൂപ റമ്മികളിയിൽ നഷ്ടപ്പെട്ടെന്നും അറിയുന്നു. സ്ഥാപന അധികൃതരുടെ പരാതിയെ തുടർന്ന് വലപ്പാട് സി.ഐ എം.കെ.രമേഷിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *