‘ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ നോക്കണ്ട, അങ്ങനെ ഭയപ്പെടുന്ന ജന്മമല്ല തന്റേത്’; കേസിൽ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കും, കെ.സുധാകരൻ

ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയാക്കി തന്റെ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഐഎമ്മിന്റേയും വെറും ദിവാസ്വപ്നമാണ്. വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഒളിച്ചോടി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്ന് കെ.സുധാകരൻ കുറ്റപ്പെടുത്തി.

സിപിഐഎമ്മിന്റെ ആസൂത്രിത ഗൂഢാലോചനയില്‍ കെട്ടിപ്പൊക്കിയ കേസാണിത്. നേരത്തെ ഇതേ കേസില്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ ശ്രമം നടന്നതാണ്. എന്നാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഈ നീക്കം പാളി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ധൃതിപിടിച്ച് തന്നെ കൂട്ടുപ്രതിയാക്കിയത് സര്‍ക്കാരിനെതിരായി ഉയരുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് കേരളീയ സമൂഹത്തിന് ബോധ്യമുണ്ട്.

കേസെടുത്തപ്പോള്‍ എല്ലാ വിധത്തിലും സഹകരിച്ച വ്യക്തിയാണ് എന്നുകരുതി രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാകാന്‍ നിന്നുതരില്ല. ശക്തമായ നിയമപോരാട്ടം തുടരുന്നതോടൊപ്പം തനിക്കാതിരായ ഈ വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോസ്‌കോ സെഷന്‍ കോടതിക്ക് നല്‍കിയ പരാതിയില്‍ തന്നെ കേസില്‍ കുടുക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ ആരോപണവിധേയരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് തന്നെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

സിപിഐഎമ്മിന്റെ എല്ലാത്തരം നെറികേടുകളും കണ്ടും നേരിട്ടും കണ്ണൂരില്‍ വളര്‍ന്ന തനിക്ക് ഇതിന് പിന്നിലെ കുടിപ്പക രാഷ്ട്രീയം വ്യക്തമായി ബോധ്യമുണ്ട്. എസ്.എഫ്.ഐക്കാര്‍ നടത്തിയ നീചമായ കൊലപാതകവും, ശമ്പള വിതരണം,വന്യമൃഗശല്യം എന്നിവ പരിഹരിക്കുന്നതിലുള്ള സര്‍ക്കാരിന്റെ കഴിവ് കേടും മറച്ചുപിടിച്ച് പിണറായിക്ക് രാഷ്ട്രീയ കവചം തീര്‍ക്കാനാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്. പക്ഷെ, ഇതുകൊണ്ടെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാകില്ല.പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് നിറഞ്ഞ് നില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *