ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു; പകരം നീലയും വെള്ളയും കലർന്ന വണ്ടി

കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. 24-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത ഒൻപത് വന്ദേഭാരത് വണ്ടികളിൽ കേരളത്തിലെ രണ്ടാം വന്ദേഭാരതിന് മാത്രമായിരുന്നു ഓറഞ്ച് നിറം.

ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയ 68 വന്ദേഭാരതിലും കേരളത്തിലെ രണ്ടാം വന്ദേഭാരത് മാത്രമാണ് ഓറഞ്ച് നിറത്തിലുള്ളത്. തിങ്കളാഴ്ച രാത്രി ചെന്നൈ ബേസിൻ ബ്രിഡ്ജിൽനിന്ന് നീലയും വെള്ളയും കലർന്ന വണ്ടി തിരുവനന്തപുരത്തെത്തി. എന്നാൽ ഓറഞ്ച് നിറമുള്ള വണ്ടിക്ക് പകരമാണിതെന്ന് റെയിൽവേ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം രണ്ടാം വന്ദേഭാരത് (20631) തീവണ്ടിയിലെ ചെയർകാറിലും എക്സിക്യുട്ടീവ് ചെയറിലും ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. വെയിറ്റിങ് ലിസ്റ്റ് 50 വരെ എത്തി. തത്കാൽ മാത്രമാണ് ആശ്രയം. ചെയർകാറിൽ 96 സീറ്റാണ് തത്കാലിലുള്ളത്. എക്സിക്യൂട്ടീവ് ക്ലാസിൽ 11 സീറ്റുമുണ്ട്. ആഴ്ചയിൽ ചൊവ്വാഴ്ച ഒഴികെ ആറുദിവസമാണ്‌ സർവീസ്.

 

Leave a Reply

Your email address will not be published. Required fields are marked *