ചിരിക്ക് പൊൻപ്രഭ പകര്‍ന്ന പ്രശസ്‌ത ഹാസ്യസാഹിത്യകാരനും പ്രമുഖ ചലച്ചിത്ര സംവിധായകൻ അമല്‍ നീരദിന്റെ പിതാവുമായ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്റെ (80) സംസ്കാരം ഇന്ന്. ഇന്നലെ ഉച്ചയ്ക്ക് 2.50ന് എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.
രാവിലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ലിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാധമനി പൊട്ടിയതിനെത്തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജില്‍ 23 വര്‍ഷം മലയാളം അദ്ധ്യാപകനായിരുന്നു. ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30ന് രവിപുരം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഹേമലതയാണ് ഭാര്യ. മഹാരാജാസ് കോളേജ് അദ്ധ്യാപിക അനൂപ (മിലി) മകളാണ്. മരുമക്കള്‍: നടി ജ്യോതിര്‍മയി. തിരക്കഥാകൃത്തും നാടകപ്രവര്‍ത്തകനുമായ ഗോപൻ ചിദംബരം.