ഓരോ മതത്തിനും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്: മന്ത്രി വി.ശിവൻകുട്ടി

ഓരോ മതവിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ  അവകാശമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം മുസ്‍ലിം പെൺകുട്ടികൾക്ക് തട്ടവും ധരിക്കാൻ അനുവാദമുണ്ട്.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്ഥിതി അതല്ല. അവിടെ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്നത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാരെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. ഓരോ മതത്തിനും അവരുടെ ആചാരപ്രകാരമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ട്. കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോം ഉണ്ട്. യൂണിഫോം ഉണ്ടെങ്കിലും മതപരമായ പ്രത്യേകതകളുടെ പേരിൽ മുസ്‍ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നത് നമ്മൾ ഒരിടത്തും നിരോധിച്ചിട്ടില്ല. പക്ഷേ, ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും അതെല്ലാം നിരോധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെല്ലാം ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുള്ളത് എസ്എഫ്ഐയും മതേതര ജനാധിപത്യ പ്രസ്ഥാനവുമാണ്.’ – മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ.അനിൽകുമാർ നടത്തിയ ഒരു പരാമർശമാണ്, മതവിഭാഗങ്ങളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉടലെടുത്തിട്ടുള്ള ചർച്ചകൾക്ക് ആധാരം.  തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും, ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു എന്നായിരുന്നു അനിൽകുമാറിന്റെ പ്രസ്താവന.

തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ വിവാദ പരാമർശം. ഇതിനെതിരെ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വിമർശനം കടുത്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അനിൽകുമാറിനെ തിരുത്തിയിരുന്നു. മാത്രമല്ല, അനിൽകുമാറും പ്രസ്താവനയിൽനിന്ന് പിന്നാക്കം പോയി. 

Leave a Reply

Your email address will not be published. Required fields are marked *