കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ കുബേര” ദുർബ്ബലമായതോടെ സംസ്ഥാനത്ത് ബ്ളേഡ് മാഫിയയുടെ കൊലച്ചതികൾ തുടരുകയാണ്. ഓപ്പറേഷന്റെ പേരും രീതികളും പരിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്നു വർഷമായെങ്കിലും നടപടികൾ ഉണ്ടായില്ല. 2019ലാണ് ഡി.ജി.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഓപ്പറേഷൻ കുബേര പരിഷ്ക്കരിക്കാൻ തീരുമാനിച്ചത്.
യോഗത്തിനു ശേഷം പ്രവർത്തനങ്ങൾ ഒരിഞ്ച് മുന്നോട്ട് നീങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തയ്യാറല്ലതാനും. ഇന്റലിജൻസ് വിഭാഗം ശേഖരിച്ച ബ്ളേഡുകാരുടെ വിശദാംശങ്ങൾ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ജില്ലാതല സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ കുബേരയുടെ പ്രവർത്തനം പൂർണ്ണമായും നിശ്ചലമായി.
തിരുവനന്തപുരം കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതാണ് ബ്ളേഡ് മാഫിയയുടെ കടന്നുകയറ്റം വ്യക്തമായ സംഭവങ്ങളിൽ അവസാനത്തേത്.