ഓട്ടോറിക്ഷകൾക്കുള്ള സംസ്ഥാന പെർമിറ്റ് ; നിബന്ധനകളോടെ പെർമിറ്റ് നൽകാം, നിലപാടിൽ അയവ് വരുത്തി സിഐടിയു

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിൽ നിലപാടിൽ അയവുവരുത്തി സിഐടിയു. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കരുതെന്ന മുൻ നിലപാട് മാറ്റി നിബന്ധനകള്‍ക്ക് വിധേയമായി പെര്‍മിറ്റ് അനുവദിക്കാമെന്ന് സിഐടിയു വ്യക്തമാക്കി.ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അപേക്ഷിക്കുന്നവര്‍ക്ക് മാത്രം സംസ്ഥാന പെര്‍മിറ്റ് അനുവദിക്കുക, പ്രത്യേക ടാക്സ് ഈടാക്കാതിരിക്കുക എന്നീ നിബന്ധനകളാണ് സിഐടിയു മുന്നോട്ട് വെച്ചത്. ഒരു ജില്ലയിൽ പെർമിറ്റ് അനുവദിച്ച ഓട്ടോക്ക് സമീപമുളള ജില്ലകളിൽ കൂടി സവാരിക്ക് അനുമതി നൽകണമെന്നും സിഐടിയു യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സംസ്ഥാന പെര്‍മിറ്റിനെതിരായ നീക്കത്തില്‍ നിന്ന് സിഐടിയു പിൻവാങ്ങിയത്.

ഓട്ടോകൾക്ക് സംസ്ഥാന പെർമിറ്റ് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകമാണ് നേരത്തെ രംഗത്തെത്തിയത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം ഗതാഗത കമ്മീഷണർക്ക് കത്തും നല്‍കിയിരുന്നു. സിഐടിയു ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻെറ മാടായി ഏരിയാ കമ്മിറ്റിയുടെ അപേക്ഷ പ്രകാരമാണ് സംസ്ഥാന ഗതാഗത അതോറിറ്റി സംസ്ഥാന പെര്‍മിറ്റ് നല്‍കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. എന്നാല്‍, ഇതിനെതിരെ സംസ്ഥാന ഘടകം രംഗത്തെത്തുകയായിരുന്നു.

അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റി സുപ്രധാന തീരുമാനമെടുത്തത്. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്. ദീർഘദൂര പെർ‍മിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം.

ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.അതിവേഗപാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി.പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *