ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന ബസിന്‍റെ ഡോര്‍ തുറന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരക്കേറിയ ബസിന്റെ ഡോർ തുറന്ന് പോകുന്നതും പെൺകുട്ടി പുറത്തേക്ക് തെറിച്ചുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല ഐടിഐ വിദ്യാര്‍ത്ഥിനി മിനിയ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടി വീണ ശേഷം കണ്ടക്ടറും യാത്രക്കാരും ബെല്ലടിച്ചിട്ടും ഡ്രൈവർ നാനൂറ് മീറ്ററിനപ്പുറമാണ് ബസ് നിര്‍ത്തിയത്. 

കഴിഞ്ഞ ദിവസം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. മിനിയയും സുഹൃത്തുക്കളും നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള മൂന്ന്കല്ലിന്‍മൂട് എന്ന സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറി. നല്ല തിരക്കായതിനാല്‍ മിനിയ ഫുട്ബോര്‍ഡില്‍ നില്‍ക്കുകയായിരുന്നു. സ്റ്റോപ്പില്‍ നിന്ന് പുറപ്പെട്ട് ബസ് സ്പീഡായി വളവില്‍ എത്തിയതോടെ ഡോര്‍ തനിയെ തുറക്കുകയും മിനിയ തെറിച്ച് ടാറിട്ട റോഡിലേക്ക് വീഴുകയുമായിരുന്നു. 

മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍റെ മുന്നിലാണ് വീണതെങ്കിലും എല്ലാവരും ചേര്‍ന്ന് ബെല്ലടിച്ചിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. ഒടുവില്‍ നാനൂറ് മീറ്റര്‍ അപ്പുറം ടിബി ജംഗ്ഷനടുത്ത് വെച്ച് നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് തടഞ്ഞിടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര പോലീസ് സംഭവം ഗൗരവത്തിലെടുത്തില്ലെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്. മിനിയയുടെ മുഖത്ത് കണ്ണിന് താഴെ എല്ലിന് പൊട്ടലുണ്ടെന്നും ആഹാരം കഴിക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും മിനിയയുടെ അച്ഛന്‍ പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *