ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ല, മത്സരിക്കാനില്ല; വിമത നീക്കം നിഷേധിച്ച് നെബു ജോൺ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ജില്ലാ പഞ്ചായത്ത് അംഗം നെബു ജോൺ. ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും, താനും ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിർദേശ പ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നെബു ജോൺ എൽ ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

എന്നാൽ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ സിപിഎമ്മുമായി ചർച്ച നടത്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ബന്ധുവിന്റെ മരണവീട്ടിലായിരുന്നു. പുതുപ്പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎം തന്നെ വാർത്ത നിഷേധിച്ചല്ലോയെന്നും പറഞ്ഞു.

ഇന്നലെ രാത്രിയാണ് പുതുപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസിന്റെ ജനപ്രതിനിധി രാജിവെച്ച് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്ത വന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കൾ തിരക്കിട്ട ചർച്ചകൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ്  ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *