ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവം; പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ സിപിഎമ്മിന് നിർദ്ദേശം നൽകി ആദായ നികുതി വകുപ്പ്

തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ പരിശോധന തുടരുന്നു. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിർദ്ദേശം നൽകി.

തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിൻ്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്.

അതേസമയം കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 1ന് വീണ്ടും ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നു.

നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ എം.എം.വർഗീസ് തൊഴിലാളി ദിന പരിപാടികളുണ്ടെന്നും തുടർച്ചയായി ഹാജരാകാൻ കഴിയില്ലെന്നും അറിയിച്ചാണ് മടങ്ങിയത്. ഈ സാഹചര്യത്തിൽ വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ എത്തിയേക്കില്ല. 

Leave a Reply

Your email address will not be published. Required fields are marked *