ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നത് പച്ചക്കള്ളം; ബ്രൂവറിക്കായി മന്ത്രിയുണ്ടാക്കിയ ചീട്ടുകൊട്ടാരം തകർന്നുവെന്ന് സതീശൻ

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണശാല നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയം മാറിയത് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞത്.

സംസ്ഥാന സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് മദ്യ നിർമാണശാല ആരംഭിക്കുന്നതെന്ന് ഒയാസിസ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. മദ്യ നയം മാറുന്നതിനു മുമ്പ് കമ്പനിയുമായി ഡീൽ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യം നയം മാറ്റിയത്. സർക്കാർ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐ ഒ സി അനുമതി ലഭിച്ചിട്ടില്ല.

2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി. സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് കമ്പനി ആരംഭിക്കുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സർക്കാർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു. 2023 ജൂണ്‍ 16നാണ് കമ്പനി വാട്ടര്‍ അതോറിറ്റിക്ക് കത്ത് നൽകിയത്. അതേദിവസം തന്നെ വാട്ടർ അതോറിറ്റി മറുപടി നൽകി. 2023ൽ കേരളത്തിൽ മദ്യനിർമാണ ശാല തുടങ്ങാൻ കമ്പനി ഐഒസിയിലും അപേക്ഷ നൽകി.കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി  സതീശൻ പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകള്‍ അപക്വമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഉന്നതകുല ജാതൻ പ്രസ്താവന നടത്തിയ സുരേഷ് ഗോപി ഏത് കാലത്താണ് ജീവിക്കുന്നത്? കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ പൈസ തരാമെന്നാണ് ജോര്‍ജ്  കുര്യൻ പറയുന്നത്. അവരുടെ തറവാട്ടിൽ നിന്ന് പൈസ എടുത്ത് തരുന്നത് പോലെയാണ് പറയുന്നത്. കേരളത്തോട് ബിജെപിക്ക് പുച്ഛമാണെന്നതിന് വെറെ തെളിവ് വേണ്ട. മുകേഷ് എം.എൽ.എയ്ക്കെതിരെ നടപടി അവരുടെ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

കിഫ്ബി നിര്‍മ്മിച്ച റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്തിട്ടില്ല. ടോൾ ഉണ്ടെങ്കിൽ റോഡുകൾ നിർമ്മിക്കുന്നതിന് മുൻപ് അറിയിക്കണം. 

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ സംബന്ധിച്ച് സാദിഖലി തങ്ങള്‍ പറഞ്ഞത് തമാശയാണെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ അപസ്വരങ്ങളില്ലെന്നും ലീഗിന്‍റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *