ഒമാനിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹവുമായി എയർ ഇന്ത്യ എക്സ്​പ്രസിന്റെ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

എയർ ഇന്ത്യ എക്സ്​പ്രസ്​ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന്​ പ്രിയപ്പെട്ടവരെ അവസാനമായി കാണാനാവാതെ ഒമാനിൽ തിരുവനന്തപുരം സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധം. മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായാണ് എയർ ഇന്ത്യയുടെ ഓഫീസിന് മുമ്പിലാണ് ബന്ധുക്കൾ പ്രതിഷേധിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും വഴിയാണ് എയർ ഇന്ത്യ എക്സ്​പ്രസിന്റെ ഓഫീസിന് മുന്നിൽ ഇഞ്ചക്കലിലെ ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചത്. സംഭവത്തിൽ നീതി കിട്ടണമെന്നും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നുമാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം.

തിങ്കളാഴ്ച രാവിലെയാണ് അസുഖബാധിതനായ കരമന നെടുങ്കാട് റോഡില്‍ നമ്പി രാജേഷ് മസ്കത്തിൽ മരിക്കുന്നത്. 40 വയസായിരുന്നു. തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നമ്പി രാജേഷിനെ കാണാന്‍ മേയ്​ എട്ടിന്​ രാവിലെ മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്​ ഭാര്യ അമൃത സി. രവി ടിക്കറ്റ് ബുക്ക് ചെയ്​തിരുന്നു. എന്നാൽ രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞതും പോകാൻ കഴിയാതെ വന്നതും.

അതേസമയം അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്ന്​ പറഞ്ഞിട്ടും എയർഇന്ത്യ എക്സ്പ്രസ് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാ​ത്രക്ക്​ ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങി. ഇതിനിടെയാണ്​ അവസാനമായി ഉറ്റവരെ നോക്കുകാണാനാകാതെ രാജേഷ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്.

മസ്‌കത്തില്‍ ഐ.ടി മാനേജരായിരുന്നു നമ്പി രാജേഷ്. നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അമൃത. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. അനിക (യു.കെ.ജി), നമ്പി ശൈലേഷ്​ (പ്രീ കെ.ജി).

Leave a Reply

Your email address will not be published. Required fields are marked *