ഐസിയു പീഡനക്കേസിൽ ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിറങ്ങി. ഉത്തര മേഖല ഐജി കെ. സേതുരാമൻ, നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനോട് അന്വേഷിച്ചു ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ് നൽകിയത്. പീഡനക്കേസിൽ ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടും കമ്മിഷണർ നൽകിയില്ല. ഇതോടെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണർ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ ഉത്തരമേഖല ഐജി കമ്മിഷണർക്ക് നിർദേശം നൽകി. ഡോ.കെ.വി.പ്രീതിക്കെതിരായ പരാതിയിൽ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകാനാണ് നിർദേശം നൽകിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *