ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം പാർട്ടിക്ക് നൽകിയില്ല; മധു മുല്ലശേരിക്കെതിരെ പൊലീസിനെ സമീപിച്ച് സിപിഎം

ബിജെപിയിൽ ചേർന്ന മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഎം പൊലീസിൽ പരാതി നൽകി. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നൽകിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയിൽ സിപിഎം പറയുന്നത്. അതേസമയം സിപിഎം തനിക്കാണ് പണം നൽകാനുള്ളതെന്ന് മധു മുല്ലശേരി പറയുന്നു.

മംഗലപുരം ഏരിയാ സമ്മേളനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. സാമ്പത്തിക ആരോപണങ്ങളുടെയും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും ഏരിയാ സെക്രട്ടറി സെക്രട്ടറി നിന്ന് മാറ്റിയതിന് പിന്നാലെ മധു മുല്ലശ്ശേരി ബിജെപിയിൽ ചേരുകയായിരുന്നു. മകൻ മിഥുൻ മുല്ലശ്ശേരിക്കൊപ്പമാണ് മധു ബിജെപിയിൽ ചേർന്നത്.

ഇതിന് പിന്നാലെ സംഘടനാ വീഴ്ചകൾ സംബന്ധിച്ചും സാമ്പത്തിക തിരിമറികളെ കുറിച്ചും തലസ്ഥാന ജില്ലയിലെ പലമേഖലകളിൽ നിന്നും പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതികൾ എത്തുന്നുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിൽ തുടങ്ങി പാർടി ഫണ്ട് വിനിയോഗത്തിലെ വീഴ്ചകൾ വരെ സംബന്ധിച്ച പരാതികളിൽ നേതൃത്വം സമയത്ത് ഇടപെടുന്നില്ലെന്ന പൊതുവിമര്‍ശനം സജീവമായി ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *