എ.ആർ നഗർ ബാങ്ക് തട്ടിപ്പ്; മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഐടി നോട്ടീസ്

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ.കെ ബാവ അടക്കം 16 പേർക്കാണ് നോട്ടീസ്. ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണമെന്നാവശ്യം. നികുതിയും കുടിശ്ശികയും ഉടൻ അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ കഴിഞ്ഞദിവസം ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. നാലാഴ്ചക്കകം മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. പരാതികളിൽ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസൽ നൽകിയ ഹരജിയിലാണ് കോടതി നിർദേശം.

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയത്. 156 വ്യാജവിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹരജിക്കാരൻ ആക്ഷേപിക്കുന്നത്. യഥാർഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മാനേജർ പ്രസാ​ദ് നേരത്തെ ഇ.ഡിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഹരജിക്കാരൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *