എൻഡോസൾഫാൻ സമരം ശക്തമാക്കാൻ സമരസമിതി

എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരസ്ഥലത്ത് നിന്നും പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചുമായിരിക്കും പ്രതിഷേധ പ്രകടനം. നാളെ ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഉപവാസത്തിൽ പങ്കെടുക്കാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായി സമരസമിതി അഭ്യർത്ഥിച്ചു. ശനിയാഴ്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ഇരകളും മാർച്ചിൽ പങ്കെടുക്കും. 

അതേസമയം എൻഡോസൾഫാൻ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പിൽ അവ്യക്തതയില്ലെന്നും സമരത്തിൽ നിന്ന് ദയാബായിയും സമരസമിതിയും പിന്മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉറപ്പുകൾ മാറ്റിയെഴുതി നൽകണമെന്ന ആവശ്യം തള്ളിയതോടെ സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. ശനിയാഴ്ച ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എൻഡോസൾഫാൻ ഇരകളെ അണിനിരത്തി ബഹുജന മാർച്ച് നടത്താനാണ് തീരുമാനം. മന്ത്രിമാരായ വീണാ ജോർജ്ജും ആർ.ബിന്ദുവുമായി സമരസമിതി ചർച്ച നടത്തിയപ്പോൾ പല ഉറപ്പുകളും നൽകിയെങ്കിലും ഇക്കാര്യങ്ങൾ എഴുതി നൽകിയപ്പോൾ ആവശ്യങ്ങളെല്ലാം പരിഗണിക്കാം എന്ന് മാത്രമാക്കിയിരുന്നു. ഇതോടെയാണ് സമരസമിതി വീണ്ടും പ്രതിഷേധത്തിലേക്ക് തിരിഞ്ഞത്.  മാറ്റി നൽകിയ ഒറ്റപ്പേജുള്ള മിനുറ്റ്‌സിൽ മന്ത്രിമാരുടെ ഒപ്പ് മാത്രമിട്ട് മടക്കി അയച്ചതിലും സമരസമിതിക്ക് അമർഷമുണ്ട്. പറഞ്ഞ ഉറപ്പുകൾ ലംഘിച്ച സർക്കാരിൻറേത് ചതിയാണെന്നും സമരസമിതി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *