‘എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും’; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് എല്ലാ വര്‍ഷവും കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു. 

വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും.

വൈദ്യുതി വര്‍ധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 1 മുതല്‍ 5 % നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച്‌ ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും.

കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. 

Leave a Reply

Your email address will not be published. Required fields are marked *