ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്.
ഇന്ന് രാവിലെ ഒൻപത് മണിക്ക് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് എല്‍ദോസിന് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.
പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.