എലത്തൂർ ട്രെയിൻ തീവയ്‌പ് കേസ്; കുറ്റപത്രം സമർപ്പിച്ചു

എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ പ്രതി ഷാറുഖ് സെയ്‌ഫി കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനെന്ന് എൻഐഎ. ട്രെയിൻ തീവയ്‌പ് കേസിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണു വെളിപ്പെടുത്തൽ. എലത്തൂർ ട്രെയിൻ തീവയ്‌പു കേസിൽ നടന്നത് ജിഹാദി പ്രവർത്തനമെന്നും എൻഐഎ വെളിപ്പെടുത്തുന്നുണ്ട്. ഓൺലൈൻ വഴിയാണ് പ്രതി ഭീകര ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്.

ഷാറുഖ് സെയ്‌ഫി ഒറ്റയ്‌ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കി. ഏപ്രിൽ ആറിനാണു ഷാറൂഖിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയതിനു പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

ഏപ്രിൽ രണ്ടിനു രാത്രി ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഡി1 കോച്ചില്‍ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ കണ്ണൂർ വരെ ഷാറുഖ് സെയ്ഫി യാത്ര ചെയ്യുകയായിരുന്നു. ആലപ്പുഴയിൽ നിന്നു രാത്രി 9.05 നാണു ട്രെയിൻ കോഴിക്കോട് എത്തിയത്. തുടർന്നു യാത്ര പുറപ്പെട്ട ട്രെയിൻ എലത്തൂർ പിന്നിട്ട് 9.27നു കോരപ്പുഴ പാലം കടക്കുമ്പോൾ ഡി 1 കോച്ചിലാണു തീപടർന്നത്.

ചങ്ങല വലിച്ചതിനെത്തുടർന്നു ട്രെയിൻ നിർത്തിയതു കോരപ്പുഴ പാലത്തിലായതിനാൽ പകുതി കോച്ചുകളിലുള്ളവർക്കു പുറത്തിറങ്ങാനായില്ല. ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്കാണു ജീവന്‍ നഷ്ടമായത്. കേസ് ആദ്യം അന്വേഷിച്ചത് റെയിൽവേ പൊലീസായിരുന്നു. പിന്നീടാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. 

Leave a Reply

Your email address will not be published. Required fields are marked *