എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിൽ ഷാരൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്തി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ യുഎപിഎ ചുമത്തി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. ഐ.പി.സി. 307, 326 എ, 436, 438, റെയില്‍വേ ആക്ടിലെ 151 എന്നിങ്ങനെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ അടക്കം സൂചനകള്‍ നല്‍കിയിട്ടും പ്രതിക്കെതിരേ യുഎപിഎ ചുമത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഷാരൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ട് പത്തുദിവസത്തോളമായിട്ടും ദുരൂഹതകള്‍ക്കൊന്നും മറുപടികിട്ടാത്ത സാഹചര്യത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ആക്രമണത്തിന് തനിക്കാരുടെയും സഹായം കിട്ടിയിട്ടില്ലെന്ന മൊഴിയില്‍ ഷാരൂഖ് സെയ്ഫി ഉറച്ചുനില്‍ക്കുന്നതും തീവ്രവാദബന്ധമുണ്ടെന്ന് എന്‍.ഐ.എ. സൂചന നല്‍കിയിട്ടും അതിനുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതും കേരള പോലീസിന് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ആക്രമണത്തിനു പിന്നിലെ തീവ്രവാദബന്ധം തള്ളാനാവില്ലെന്ന് എന്‍.ഐ.എ. ഡി.ഐ.ജി. എസ്. കാളിരാജ് മഹേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദേശീയ അന്വേഷണ എജന്‍സിക്കൊപ്പം ഇന്റലിജന്‍സ് ബ്യൂറോയും വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡുകളും കേസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തേത്തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *