”എന്‍റെ പുസ്തകം ജനക്കൂട്ടമാണ്, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ എത്ര പത്രം വായിച്ചാലും പുസ്തകം വായിച്ചാലും അറിയാന്‍ കഴിയില്ല”

ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. തിരക്കുകള്‍ക്കിടയില്‍ ഒരു സാധാരണ മനുഷ്യന്‍ അനുഭവിക്കേണ്ട കുഞ്ഞുകാര്യങ്ങള്‍ പോലും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. എന്നാല്‍ അക്കാര്യത്തിലൊന്നും ഉമ്മന്‍ചാണ്ടിക്ക് നഷ്ടബോധമുണ്ടായിരുന്നില്ല. ‘എന്‍റെ പുസ്തകമാണ് എന്‍റെ ജനക്കൂട്ടം’ എന്നായിരുന്നു മാതൃഭൂമിക്ക് വേണ്ടി സത്യന്‍ അന്തിക്കാട് നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്. പാട്ട് കേള്‍ക്കാനും പുസ്തകം വായിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും യാത്ര പോകാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ പലപ്പോഴും സമയം അനുവദിക്കാറില്ല. ഇതിലെല്ലാം കൂടി കിട്ടേണ്ട മാനസിക സുഖം, ഞാന്‍ ജനക്കൂട്ടത്തില്‍ കഴിയുമ്പോള്‍ കിട്ടുന്നുന്നുള്ളതാ… എന്‍റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരില്‍ നിന്ന് പലതും അടുത്തറിയാന്‍ പറ്റുന്നുണ്ട്. ജനസമ്പര്‍ക്ക പരിപാടി നടത്തിയിട്ടുണ്ട്. അതില്‍ ഒത്തിരി തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. പലര്‍ക്കും സഹായം കൊടുക്കുന്നുണ്ട്. എനിക് അത്രയും ആളുകളുമായി ഇടപഴകാന്‍ കിടുന്ന അവസരമായിരുന്നു അത്. ഓരോരുത്തരും വെറുതെ വരികയായിരുന്നില്ല. അവരുടെ ജീവിതപ്രശ്നങ്ങള്‍ പറയാന്‍ വരികയായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായി പല സ്ഥലത്തും ചെല്ലുമ്പോള്‍ നിവേദനങ്ങള്‍ കിട്ടും. അതെല്ലാം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള കാര്യങ്ങളാ…

വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അതൊക്കെ കിട്ടുന്നില്ല എന്നതായിരിക്കും അവ. അന്വേഷിക്കുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ക്ക് അറിയില്ല. ഇത്തരം അറിവില്ലായ്മ മാറ്റാനും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് പലതും തള്ളുന്നരീതി മാറ്റാനുമുള്ള ഉത്തരവുകള്‍ ഇറക്കി. അതു കഴിഞ്ഞ് വീണ്ടും ചെല്ലുമ്പോള്‍ ഇതേ നിവേദനം വീണ്ടും വരും. അന്വേഷിക്കുമ്പോഴാണ് അറിയുന്നത്, ഈ സഹായം കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള വിഭാഗത്തിന് ഇതൊന്നും അറിയില്ല. അവരുടെ വീട്ടില്‍ പത്രമില്ല, ഫോണില്ല, റേഡിയോ ഇല്ല, ടിവി ഇല്ല, ഒരാളും ശ്രദ്ധിക്കുന്നില്ല. അവിടത്തെ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും എന്താണെന്ന് അവര്‍ക്കറിയില്ല. ഇത്തരക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്‌നങ്ങളുടെയും പിന്നിലുള്ള രഹസ്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അത് നമ്മള്‍ എത്ര പത്രം വായിച്ചാലും എത്ര പുസ്തകം വായിച്ചാലും അറിയാന്‍ കഴിയില്ല. ആശ്രയപദ്ധതി നടപ്പാക്കിയപ്പോള്‍ ഒരു വീട്ടില്‍ ഞാന്‍ ചെന്ന് റേഷന്‍ കാര്‍ഡ് എടുക്കാന്‍ പറഞ്ഞു. പ്രായം ചെന്ന അമ്മ എന്നെ നോക്കി നില്ക്കുകയാ. അപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു: ‘അവര്‍ക്ക് റേഷന്‍ കാര്‍ഡില്ലെന്ന്’. ഞാന്‍ അതുവരെ ധരിച്ചത് റേഷന്‍ കാര്‍ഡില്ലാത്തത് ഇവിടത്തെ വലിയ സമ്പന്നന്മാര്‍ക്കായിരിക്കുമെന്നായിരുന്നു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവരായി പാവങ്ങളില്‍ പാവങ്ങളും ഉണ്ടെന്ന വലിയ വിവരം അന്നാണറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *