എന്ത് വിലകൊടുത്തും പ്രതിരോധിക്കും; ഹരിഹരന്‍റെ വീട് ആക്രമിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് സതീശൻ

ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീട് ആക്രമിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വിഡി സതീശൻ പ്രസ്താവനയില്‍ പറഞ്ഞു.

ഹരിഹരന്‍റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എം.പിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട്  മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണ്.

‘മാപ്പ് പറയലിൽ തീരില്ല’ എന്ന സി.പി.എം ജില്ലാസെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്.അതുകൊണ്ട് തന്നെ ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. തെങ്ങിൻ പൂക്കുല പോലെ ടി.പി ചന്ദ്രശേഖരന്‍റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സി.പി.എം.

അതേ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സി.പി.എം ഇനിയും ശ്രമിക്കേണ്ട. ആർ.എം.പിയുടെ ഉദയത്തോടെ വടകരയിൽ സി.പി.എമ്മിന്‍റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി.പിയെ പോലെ ആർ.എം.പിയെയും ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യു.ഡി.എഫ് പ്രതിരോധിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *