എന്‍ഐഎ റെയ്ഡില്‍ നാല് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

        പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് സംസ്ഥാനത്താകെ നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് മൂന്ന് പേരെയും എറണാകുളത്ത് ഒരാളെയുമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പിഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ സലീം എന്നിവരെയാണ് തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് ആയുധങ്ങളുമായാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇന്ന് സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.

           ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കുന്നു. സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. പോപുലര്‍ ഫ്രണ്ടിന്റെ 7 എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, 7 മേഖലാ തലവന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും ഇന്ന് നടന്ന റെയ്ഡില്‍ ഭാഗമായി. കേരള പൊലീസും റെയ്ഡിന് സുരക്ഷയൊരുക്കി. ഒരിടത്തും പ്രതിഷേധമോ പ്രതിരോധമോ ഉണ്ടായില്ല. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടര്‍ച്ചയായാണ് ഈ റെയ്ഡ്. സെപ്തംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ , റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സെപ്തംബറില്‍ നടന്ന റെയ്ഡ് കേന്ദ്രസേനകളുടെ സുരക്ഷയിലായിരുന്നു. കേരള പൊലീസിനെ റെയ്ഡില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികള്‍ക്ക് വേണ്ട സുരക്ഷയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *