‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല’: രൺജി പണിക്കർ ‌

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ രഞ്ജി പണിക്കർ. ചോദ്യം കേട്ടപ്പോൾ ചിരിയായിരുന്നു ആദ്യ പ്രതികരണം. തുടർന്ന് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ‘എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ജനാ‌ധിപത്യത്തിന്റെ നിലനിൽപിനു വേണ്ടി, അല്ലെങ്കിൽ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിനായി വോട്ടു ചെയ്തിട്ടുണ്ട്. എല്ലാക്കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും പരാധീനതകൾക്കും ഉള്ളിൽ നിന്നുകൊണ്ടുതന്നെ ജനാധിപത്യത്തിന് അതിന്റേതായ ഒരു മെക്കാനിസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വോട്ടറാണ് ഞാൻ.’ രൺജി പണിക്കർ പറഞ്ഞു.

‘‘ജനാധിപത്യമെന്ന സമ്പ്രദായം കെട്ടുപോകുന്ന, അല്ലെങ്കിൽ അത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തീർച്ചയായും ജനാധിപത്യം അതിന്റെ പരിഹാരമാർഗങ്ങൾ കണ്ടെത്താറുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം നമ്മൾ അത് കണ്ടതാണ്.’’ – രൺജി പണിക്കർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *