എഐ ക്യാമറ പിഴ നോട്ടീസ് വിതരണത്തിന് പ്രത്യേകം പണം വേണം; സർക്കാരിന് കത്ത് നൽകി കെൽട്രോണ്‍

എഐ ക്യാമറ വഴിയുള്ള ഗതാഗതച്ചട്ട ലംഘനത്തിനുള്ള  25 ലക്ഷം പിഴ നോട്ടീസ് അയച്ചു കഴിഞ്ഞാൽ പിന്നെ സ‍ർക്കാർ പണം നൽകിയാൽ മാത്രമേ നോട്ടീസ് അയക്കൂ എന്ന നിലപാടിൽ കെൽട്രോണ്‍. പണം ആവശ്യപ്പെട്ട് കെൽട്രോണ്‍ സർക്കാരിന് കത്ത് നൽകി. കരാറിൽ ഇല്ലാത്ത കാര്യമായതിനാൽ പണം നൽകാനില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്.

ജൂണ്‍ മാസം മുതലാണ് എഐ ക്യാമറ വഴിയുള്ള നിയമ ലംഘനങ്ങൾക്ക് നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ ആഴ്ച കഴിയുമ്പോള്‍ കെൽട്രോണ്‍ അയക്കുന്ന നോട്ടീസുകളുടെ എണ്ണം 25 ലക്ഷം കടക്കും. ഇനിയും തുടരണമെങ്കിൽ ഒരു നോട്ടീസിന് 20 രൂപ വച്ച് സർക്കാർ നൽകണമെന്നാണ് കെൽട്രോണിന്റെ ആവശ്യം.

എഐ ക്യാമറകള്‍ സ്ഥാപിച്ചാൽ പ്രതിവർഷം 25 ലക്ഷം നോട്ടീസുകൾ അയക്കുമെന്ന പഠന റിപ്പോർട്ടാണ് കെൽട്രോണ്‍ സർക്കാരിന് സമർപ്പിച്ചിരുന്നത്. ഈ റിപ്പോർട്ടിനെ ആധാരമാക്കിയാണ് കെൽട്രോണും ഗതാഗതകമ്മീഷണറും തമ്മിലുള്ള ആദ്യ കരാർ ഒപ്പിട്ടത്. എന്നാൽ കരാറിൽ എത്ര നോട്ടീസ് എന്നോ ഇതിന്റെ ചെലവ് സംബന്ധിച്ചോ കൃത്യമായി പറയുന്നില്ല. ഈ കരാർ പിൻബലത്തിലാണ് കെൽട്രോണിന്‍റെ ആവശ്യം സർക്കാർ തള്ളുന്നത്. 

കരാറിനാധാരമായ പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യമായതിനാൽ പണം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെൽട്രോൺ. മൂന്ന് മാസത്തിലൊരിക്കൽ ക്യാമറക്ക് ചെലാക്കിയ തുകയുടെ ഗഡുക്കള്‍ നൽകണമെന്ന് കരാറിൽ പറയുന്നുണ്ട്. അഴിമതി ആരോപണത്തിൽ ക്യാമറ കരാർ ഹൈക്കോടതിയിലെത്തിനാൽ മൂന്ന് ഗഡു നൽകേണ്ട സ്ഥാനത്ത് ഒരു ഗഡുമാത്രമേ നൽകിയിട്ടുളളൂ. നോട്ടീസ് അയക്കുന്നില്ലെങ്കിൽ എസ്എംഎസിൽ മാത്രം പിഴ ഈടാക്കൽ ഒതുക്കാനാണ് ഗതാഗതവകുപ്പിന്‍റെ ഇപ്പോഴത്തെ തീരുമാനം. ഇതേവരെ ക്യാമറ വഴി കണ്ടെത്തിയത് 46, ലക്ഷം നിയമലംഘനങ്ങളാണ്.

അതായത് 250 കോടിയുടെ നിയലംഘനങ്ങളാണ് ഇതേവരെ പരിശോധിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പന്‍റെ കണക്ക്. ഇതുവരെ നോട്ടീസ് നൽകിയതിൽ നിന്നും പിരിഞ്ഞു കിട്ടിയത് 52 കോടിയാണ്. നോട്ടീസയച്ചിട്ടും ഇത്ര മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുവെങ്കിൽ, നോട്ടീസക്കാതെ എസ്എംഎസ് മാത്രമാകുമ്പോള്‍ പിഴയടക്കുന്നത് വീണ്ടും കുറയുമെന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *