‘എഐ ക്യാമറയെ ജനം സ്വീകരിച്ചുവെന്ന് ആന്റണി രാജു; നിയമം പാലിക്കുന്നവർ ഭയപ്പെടേണ്ട

എഐ ക്യാമറയെ ജനം സ്വീകരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു. കേരളത്തിലെ ഭീകരമായ അപകടത്തിന് ക്യാമറ പരിഹാരമാകുമെന്നും നിയമം പാലിക്കാത്തവർ മാത്രമേ ക്യാമറയെ ഭയപ്പെടേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതലാണ് പിഴയീടാക്കുക. 692 ക്യാമറകളാണ് സജ്ജമായത്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, റെഡ് സിഗ്‌നൽ മുറിച്ചു കടക്കൽ, അമിതവേഗം, അപകടകരമായ പാർക്കിങ് എന്നീ നിയമലംഘനങ്ങൾ എഐ ക്യാമറയുടെ കണ്ണിൽപ്പെട്ടാൽ പിഴയീടാക്കും.

നോട്ടീസ് തപാൽ വഴി നേരെ വീട്ടിലെത്തും. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഇരുചക്ര വാഹനത്തിൽ ട്രിപ്പിൾ റൈഡിന് പിഴയുണ്ട്. പക്ഷെ 12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് മൂന്നാമനെങ്കിൽ തൽക്കാലം നടപടി ഇല്ല. കുട്ടികൾക്ക് ഇളവ് നൽകണമെന്ന ആവശ്യത്തിലെ കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമായിരിക്കും തുടർ നടപടി. പ്രതിദിനം ഇരുപത്തിഅയ്യായിരത്തോളം നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകാനാണ് ആലോചിക്കുന്നത്.

സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തനസജ്ജമാണ്. ബാക്കിയുള്ളവയും പിഴവുകൾ പരിഹരിച്ച് ഉടൻ സജ്ജമാക്കും. പിഴ ഈടാക്കി തുടങ്ങുന്ന ഇന്ന് യു.ഡി.എഫ് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് കോൺഗ്രസ് പ്രവർത്തകർ 726 ക്യാമറകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ നിർവഹിക്കും. പ്രതിപക്ഷ നേതാവ് അടക്കമുള്ള മറ്റു പ്രധാന നേതാക്കൾ വിവിധ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *