സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരെ കടുത്ത നിലപാടുമായി കൂടുതൽ ലീഗ് നേതാക്കൾ. പാണക്കാട് സാദിഖ് അലിക്കെതിരെയുള്ള പരാമര്‍ശം സമുദായത്തിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കുറ്റപ്പെടുത്തി.
ഐക്യം തകർത്ത് മതസ്പർധ വളർത്താനാണ് ശ്രമം നടക്കുന്നത്. സിപിഎം വേദികളിൽ പ്രത്യക്ഷപ്പെട്ട ഉമർ ഫൈസി പറയുന്നത് സമുദായം തള്ളുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു.
വളാഞ്ചേരിയിലെ പൊതുയോഗത്തിൽ കടുത്ത ഭാഷയിലാണ് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി ഉമർ ഫൈസിക്കെതിരെ ആഞ്ഞടിച്ചത്. സിപിഎമ്മാണ് മെച്ചം എന്ന് കരുതുന്നവർ ഏത് കൊമ്പത്തെ ആളാണെങ്കിലും അങ്ങോട്ട് പോകാം.
സമുദായത്തെ കൊണ്ടുപോകാമെന്ന് കരുതരുതെന്നും കെ എം ഷാജി പ്രതികരിച്ചു. പണ്ഡിതന് ബിരുദം മാത്രം പോരെന്നും തങ്ങളെ കൊച്ചാക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം പറഞ്ഞു.
ലീഗ് സമസ്ത തർക്കം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് നേതാക്കൾ നൽകുന്നത്. പതിവ് പോലെ ഇത്തവണ പി കെ കുഞ്ഞാലിക്കുട്ടി സമവായ നീക്കവുമായി രംഗത്തില്ല. നിരന്തര അധിക്ഷേപങ്ങൾക്ക് വഴങ്ങില്ല എന്നാണ് പാണക്കാട് സാധിഖലി തങ്ങൾ മറ്റു നേതാക്കളെ അറിയിച്ചത്.